തമിഴകത്തിന്റെ സൂപ്പർതാരം കമൽഹാസന്റെ പ്രശസ്ത വസ്ത്രവ്യാപാര ബ്രാൻഡായ 'കെഎച്ച് ഹൗസ് ഓഫ് ഖദ്ദറിന്' രാജ്യാന്തര ഫാഷൻ പുരസ്കാരം. ബ്രാൻഡിന്റെ 'സുതൂര' എന്ന കളക്ഷനാണ് അമേരിക്കയിൽ നടന്ന റൺവേ സെവൻ ഫാഷൻ അവാർഡ്സിൽ 'ബെസ്റ്റ് റെഡി-ടു-വെയർ കളക്ഷൻ' പുരസ്കാരം സ്വന്തമാക്കിയത്.
അമേരിക്കയിൽ നടന്ന ചടങ്ങിൽ കെഎച്ച് ഹൗസ് ഓഫ് ഖദ്ദറിന്റെ ഡിസൈൻ ഹെഡ് അമൃത റാം അവാർഡ് ഏറ്റുവാങ്ങി. ഖാദി വസ്ത്രങ്ങൾക്ക് ആഗോളതലത്തിൽ പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെ 2022-ൽ ആരംഭിച്ച ഈ ബ്രാൻഡിനു ലഭിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നാണിത്.
2024-ലെ ന്യൂയോർക്ക് ഫാഷൻ വീക്കിലാണ് 'സുതൂര' കളക്ഷൻ ആദ്യമായി ആഗോളവേദിയിൽ അവതരിപ്പിച്ചത്. ഇന്ത്യൻ പാരമ്പര്യ നെയ്ത്തുരീതികളെയും ആധുനിക ഫാഷൻ സങ്കൽപങ്ങളെയും കോർത്തിണക്കിയാണു കമൽഹാസനും സംഘവും 'സുതൂര' ഡിസൈൻ ചെയ്തിരിക്കുന്നത്.